Skip to main content

അലച്ചിലിന് പരിഹാരമായി; സന്തോഷത്തോടെ ഷാജഹാൻ മടങ്ങി

വർഷങ്ങളായുള്ള അലച്ചിലിന് പരിഹാരം കണ്ട സന്തോഷത്തിലാണ് പുളിക്കൽ സ്വദേശി പി.എം ഷാജഹാൻ. ആകെയുള്ള രണ്ടേമുക്കാൽ സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാനായി രണ്ട് വർഷത്തിൽ അധികമായി കാത്തിരിപ്പിലായിരുന്നു ഇദ്ദേഹം. ഒടുവിൽ കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മുമ്പാകെ പരാതി നൽകി. പരാതി പരിശോധിച്ച മന്ത്രി ഒരാഴ്ചയ്ക്കകം പട്ടയം നൽകാൻ നിർദേശം നൽകി.
കോഴിക്കോട്  സ്വദേശിയായ ഷാജഹാൻ 40 വർഷമായി പുളിക്കൽ ആലക്കപറമ്പിലാണ് താമസം. കരിപ്പൂർ വിമാത്താവളത്തിലെ പെയ്ന്റിങ് ജോലി ചെയ്യുന്ന സമയത്താണ് പുളിക്കലിൽ താമസം തുടങ്ങിയത്. രണ്ട് പെൺമക്കളുടെ വിവാഹം നടത്തുന്നതിനായി ആദ്യം താമസിച്ച വീട് വിറ്റു. തുടർന്ന് നിലവിലെ വീട് വാങ്ങി. ഇതിനിടെ ഭാര്യ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായി. മകളുടെ വിവാഹ സമയത്ത് ബാങ്കിൽ നിന്നും എടുത്ത ലോൺ അടക്കാൻ കഴിയാതെ പലിശ വർധിക്കുകയും ചെയ്തു. ഭാര്യയെ പരിചരിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. നിലവിലെ വീട് വിറ്റ് ബാങ്ക് ലോൺ അടക്കാൻ ശ്രമം നടത്തിയെങ്കിലും പട്ടയം ലഭിക്കാത്തതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ഇതിനെല്ലാം പരിഹാരം കണ്ട സന്തോഷത്തിലാണ് ഷാജഹാൻ അദാലത്തിൽ നിന്നും മടങ്ങിയത്.

date