Skip to main content

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ ജലബജറ്റുമായി 94 ഗ്രാമപഞ്ചായത്തുകൾ

*ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’

മൂന്നാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിക്കും.

*ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജലസഭ.

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറായി. ലോക ജലദിനമായ മാർച്ച് 22 നോ അടുത്തുള്ള ദിവസങ്ങളിലോ ഈ പഞ്ചായത്തുകളിൽ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറായത്. അടുത്ത മാസം 12 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജലബജറ്റിന്റെ പ്രകാശനവും നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പുമായ ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും  നിർവഹിക്കുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ അറിയിച്ചു. പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനു മുന്നോടിയായി നീർച്ചാലുകൾ അടയാളപ്പെടുത്തുന്ന മാപത്തോൺ പ്രക്രിയ പുരോഗമിക്കുകയാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ലോക ജലദിനത്തിൽ പൂർത്തിയാവുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കൊല്ലം ജില്ലയിലെ മുഖത്തല, പത്തനംതിട്ടയിലെ മല്ലപ്പള്ളി, ആലപ്പുഴയിലെ മാവേലിക്കര, കോട്ടയത്തെ ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ ഇടുക്കി, എറണാകുളത്തെ മുളന്തുരുത്തി, തൃശൂരിലെ ചൊവ്വന്നൂർ, പാലക്കാട്ടെ ചിറ്റൂർ, മലപ്പുറത്തെ കൊണ്ടോട്ടി, കോഴിക്കോട്ടെ കുന്ദമംഗലം, വയനാട്ടിലെ മാനന്തവാടി, കണ്ണൂർ ജില്ലയിലെ പേരാവൂർ, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്നീ ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലനം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. തുടർന്നു നടത്തിയ ജനകീയ പ്രവർത്തനത്തിലൂടെയാണ് ജലബജറ്റുകൾ തയ്യാറാക്കിയത്. ഇതിനെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലസുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്.

പി.എൻ.എക്‌സ്. 1370/2023

date