Skip to main content

കയ്പമംഗലത്തിലെ തീരസംരക്ഷണത്തിനായി നിയമസഭയിൽ എം എൽ എ യുടെ സബ്മിഷൻ; ടെട്രോ പാഡ് സംവിധാനത്തിനായി ഉന്നതതല യോഗം വിളിക്കും

കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടൽതീരത്ത് കടലാക്രമണത്തിന്റെ തോത് കണക്കാക്കി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയ ഭാഗങ്ങളിൽ ടെട്രോപാഡ് ഭിത്തി സജ്ജീകരിക്കുന്നതിന് ഉടനെ ഉന്നതതല യോഗം വിളിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരള നിയമസഭയുടെ പതിനഞ്ചാമത് സമ്മേളനത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അവതരിപ്പിച്ച തീരപ്രദേശത്തെ കടലാക്രണവും, ടെട്രോപാഡ് വിരിക്കുന്നതിന്റെ ആവശ്യകതയും കുറിച്ചും അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കയ്പമംഗലം നിയോജകമണ്ഡലത്തിൽ 2021 -22 സാമ്പത്തിക വർഷത്തിൽ 8 പ്രവർത്തികൾക്കായി 104.17 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും ഏഴു പ്രവർത്തികൾ പൂർത്തീകരിച്ചു. 2022 - 23 സാമ്പത്തിക വർഷത്തിൽ നാല് പ്രവർത്തികൾക്കായി 106.4 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും രണ്ട് പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും 2023 -24 സാമ്പത്തിക വർഷത്തിൽ അഞ്ച് പ്രവർത്തികൾക്കായി 61 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും 5 പ്രവർത്തികളും പൂർത്തീകരിക്കുകയും ചെയ്തുവെന്നു മന്ത്രി അറിയിച്ചു.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന കടൽക്ഷോഭത്തെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര ജല കമ്മീഷൻ, ഐ ഐ ടി ചെന്നൈ, ജലസേചന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിശദമായ വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തീരസംരക്ഷണം അത്യാവശ്യമായ 10 ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഒന്നാണ് തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ തീരപ്രദേശ ഭാഗം. ചെന്നൈ അടിസ്ഥാനമായി പ്രവർത്തിച്ച് വരുന്ന എൻ സി സി ആർ എന്ന സ്ഥാപനവുമായി 2011ൽ ധാരണ പത്രം ഒപ്പുവെയ്ക്കുകയും സംരക്ഷണത്തിനായി വിശദമായ പഠനങ്ങൾ ആവശ്യമായതിനാൽ എൻ സി സി ആറിന്റെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകളിൽ പ്രാഥമിക വിവരശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്. കയ്പമംഗലം ഉൾപ്പെടെ ഹോട്ട്സ്പോട്ടുകൾക്ക് കരട്‌ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ ജലസേചന വകുപ്പ് ചില സാങ്കേതിക മാറ്റങ്ങൾ മുന്നോട്ടു വെച്ചതിന്റെ അടിസ്ഥാനത്തിൽ എൻ സി സി ആർ വിദഗ്ധർ കയ്പമംഗലം ഉൾപ്പെടെയുള്ള ഹോട്ട്സ്പോട്ടുകൾ സ്ഥലപരിശോധന നടത്തുകയും അവയുടെ രൂപരേഖ തയ്യാറാക്കുന്നതിനും അധിക വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് എൻ സി സി ആർ പ്രതിനിധികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം 31ന് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇതിൽ ഡിസൈൻ എത്രയും വേഗം എൻ സി സി ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എൻ സി സി ആറിന്റെ പഠന റിപ്പോർട്ട് ലഭ്യമായാൽ ഉടൻതന്നെ ഉന്നതതലയോഗം വിളിച്ച് എത്രയും വേഗം തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

date